കട്ടപ്പന: കുരുമുളകിന്റെ പുതിയ ഇനമാണ് പെപ്പര്‍ തെക്കന്‍ എന്ന തോമസ് ചേട്ടന്റെ സ്വന്തം തെക്കന്‍ കുരുമുളക്. വിളവിന്റെ അത്ഭുത മികവുമായാണ് പെപ്പര്‍ തെക്കന്‍ വ്യത്യസ്തമാകുന്നത്.
തോമസിന്റെ കണ്ടു പിടുത്തമായ പെപ്പര്‍ തെക്കനില്‍ കുരുമുളക് തിരിയെല്ലാം കുലകളായി മാറി മികച്ച വിളവ് തരുന്നു എന്നതാണ് പ്രത്യേകത. സാധാരണ കുരുമുളകില്‍ ഒരു തിരിയും അതില്‍ നിറയെ മണിയും എന്ന രീതിയിലാണ് കുരുമുളക് കായ്ക്കുന്നത്. എന്നാല്‍ പെപ്പര്‍ തെക്കനില്‍ ശാഖയുള്ള തിരികളാണ് ഉണ്ടാവുക. ഇതില്‍ പ്രധാന തിരിയിലും ശാഖകളിലും നിറയെ കുരുമുളക് മണികള്‍ പിടിക്കുന്നു.

സാധാരണ കുരുമുളകിനങ്ങളില്‍ ഒരു തിരിയില്‍ 50-70 മണികള്‍ പിടിക്കുമ്പോള്‍ തെക്കന്‍ കുരുമുളകില്‍ ഒരു തിരിയിലും ശാഖകളിലുമായി 1000 മണി വരെ കാണുന്നു. അത്യുല്‍പാദന ശേഷിയുള്ള കുരുമുളകിനങ്ങള്‍ ഒരു ഹെക്ടറിന് 3000 കിലോ ഉണങ്ങിയ മുളക് എന്ന തോതില്‍ വിളവ് നല്‍കുമ്പോള്‍ തെക്കന്‍ കുരുമുളക് ഹെക്ടറിന് 8600 കിലോയാണ് ഉത്പാദനം.

കാല്‍ നൂറ്റാണ്ട് മുമ്പ് ഇടുക്കി ഡാം റിസര്‍വോയറിന്റെ കിഴക്കന്‍ അതിര്‍ത്തിയായ കാഞ്ചിയാര്‍ അഞ്ചുരുളി വനമേഖലയില്‍ നിന്നാണ് പെപ്പര്‍ തെക്കന്റെ മാതൃ സസ്യത്തെ തോമസ് കണ്ടെത്തുന്നത്. കാട്ടില്‍ നിന്ന് ശേഖരിച്ച കൊടിത്തലകളെ ബ്രസീലിയന്‍ കാട്ട് കുരുമുളക് ഇനമായ കൊളുബ്രിനവുമായി തോമസ് ഗ്രാഫ്റ്റ് ചെയ്തു. ഈ ഗ്രാഫ്റ്റിനത്തില്‍ നിന്നാണ് തെക്കന്‍ കുരുമുളകിന്റെ പിറവി. ഹൈറേഞ്ചിലെ കുരുമുളക് കൃഷിയുടെ അന്തകനായ ദ്രുതവാട്ടത്തെ തെക്കന്‍ കുരുമുളക് പ്രതിരോധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മാത്രമല്ല കുരുമുളകിന്റെ മറ്റ് പ്രധാന കീടരോഗങ്ങളോടും പ്രതിരോധ ശേഷിയുള്ള ഇനമാണ് പെപ്പര്‍ തെക്കന്‍. തീക്ഷ്ണമായ എരിവാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

മാത്രമല്ല സാധാരണ കുരുമുളക് 33% ഉണങ്ങിയ കുരുമുളക് ലഭിക്കുമ്പോള്‍ തെക്കന്‍ കുരുമുളക് 44% ഉണങ്ങിയ മുളക് നല്‍കുന്നു. വിളവിലെ ഈ മികവാണ് 2011 രാഷ്ട്രപതിയുട പ്രത്യേക അനുമോദനത്തിനും, 2012 ല്‍ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ മികച്ച കാര്‍ഷിക കണ്ടുപിടുത്തത്തിനുള്ള ദേശീയ പുരസ്‌കാരത്തിനും തോമസിനെ അര്‍ഹനാക്കിയത്.

തെക്കന്‍ കുരുമുളകിന്റെ കണ്ടു പിടുത്തത്തില്‍ മാത്രമൊതുങ്ങുന്നതല്ല തോമസിന്റെ നേട്ടങ്ങള്‍, നിമാ വിരയെ ചെറുക്കുന്ന ജൈവകീടനാശിനിയുടെ കണ്ടുപിടുത്തം, പച്ചക്കറികളിലെ ഗ്രാഫ്റ്റിംഗ്, വിശാലമായ മീന്‍ കുളം തുടങ്ങിയവയും ഈ 73 കാരന്റെ നേട്ടങ്ങളാണ്. കൃഷിയിടം ഒരു ഗവേഷണ കേന്ദ്രമാക്കി മാറ്റിയ തോമസിനെ തേടി എന്നാല്‍ സ്വന്തം നാടിന്റെ അംഗീകാരങ്ങള്‍ ഒന്നും എത്തിയിട്ടില്ല. കുരുമുളക് കൃഷി സംരക്ഷിക്കാന്‍ കോടികള്‍ തുലയ്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ നേട്ടം കണ്ടില്ലെന്ന് നടിക്കുകയാണ്.

എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നും തോമസിനെ തേടി നിരവധി കര്‍ഷകരും, ഉദ്യോഗസ്ഥരും എത്തുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ കുരുമുളക് തൈകളുടെയും ഉപഭോക്താക്കള്‍ ഇവരാണ്. ഇവരുടെ ആവശ്യത്തിനുള്ള കുരുമുളക് തൈകള്‍ ഉല്‍പാദിപ്പാക്കാന്‍ പരിമിതമായ സൗകര്യങ്ങളില്‍ തോമസിന് കഴിയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ പാലാ കേന്ദ്രമായി ടിഷ്യു കള്‍ച്ചര്‍ തൈകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ഇങ്ങനെ തയാറാക്കുന്ന ടിഷ്യു കള്‍ച്ചര്‍ തൈകള്‍ വില്‍പനയ്ക്ക് തയാറാവുമെന്നും തോമസ് പറയുന്നു.
 
Top