രാസവള പ്രയോഗത്തേക്കാള്‍ കൃഷിക്ക് വേണ്ടത് ജൈവവളപ്രയോഗമാണ്. ജൈവവളം പ്രയോഗിക്കുന്നത് മണ്ണിന്റെ സ്വാഭാവികമായ ഫലപുഷ്ടിക്കും വളക്കൂറിനും ആവശ്യമാണ്. കീടങ്ങളുടെ നിയന്ത്രണം ഒരിക്കലും കൃഷിയുടെ നാശത്തിന് കാരണമാകരുത്. രാസവളം ചിലപ്പോള്‍ നല്ല വിളവ് നല്‍കിയേക്കാം. എന്നാല്‍ അതുകൊണ്ട് നശിക്കുന്നത് കൃഷി ചെയ്യേണ്ട മണ്ണിന്റെ ജീവനായിരിക്കും. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ജൈവവളം തന്നെ വേണം. ചില ജൈവളങ്ങള്‍ ഇതാ…..
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 ഗ്രാം  ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം കാന്താരി മുളക് മുശ്രിതം
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.

മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.



 
Top