മണ്ണിര കമ്പോസ്റ്റിനെപ്പറ്റി പലരും പുസ്തകങ്ങൾ എഴുതുകയും ഫേസ് ബുക്കിൽ എഴുതുകയും ചെയ്യുന്നത് കാണുന്നുണ്ട് എന്നാൽ ഈ രീതികളൊന്നും പ്രയോഗികമല്ലന്നു അനുഭവത്തിലൂടെ മനസ്സിലാക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും പ്രായോഗികമായ രീതി വികസിപ്പിച്ചെടുക്കുകയും 25 വര്‍ഷമായി വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്ന അനുഭവത്തിൽ നിന്ന് നമ്മുടെ കർഷക കൂട്ടയ്മകൾക്ക് വേണ്ടി ഞാൻ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ്.മുഴുവൻ കാര്യങ്ങളും വിശദമാക്കാൻ കൂടുതൽ എഴുതേണ്ടി വരുമെന്നതിനാൽ പല ലക്കങ്ങളിലായി ഇത് എഴുതേണ്ടി വരുമെന്നതിൽ ക്ഷമിക്കുക.

കർഷകർ അറിയാതെ തന്നെ അവനുവേണ്ടി അവന്റെ മണ്ണിൽ പണിയെടുക്കുന്ന മണ്ണിരയെ ആരും വേണ്ടത്ര ഗൌനിക്കാതെ രാസവസ്തുക്കൾ വിതറി നശിപ്പിചുകൊണ്ടിരിക്കുന്നു.മണ്ണിനെ ഉഴുതു മറിക്കുകയും ചെടികൾക്കാവശ്യമായ സൂഷ്മ മൂലകങ്ങളെ ആഴങ്ങളില്നിന്നും മണ്ണിൻറെ ഉപരിതലത്തിലെത്തിക്കുകയും മണ്ണിൻറെ ജലസംഭരണ ശേഷി ഉയര്ത്തുകയും, വായുസഞ്ചാരം വര്ധിപ്പിക്കുകയും.ചെടികളെ രോഗങ്ങളില്നിന്നു സംരക്ഷിക്കുകയും ചെയ്യുന്ന മണ്ണിരയുടെ, പ്രതിഫലം ആഗ്രഹിക്കാത്ത സേവനം ആരറിയുന്നു.3000 ഇനം മണ്ണിരകൾ ഭൂമുഖത്തുണ്ടെന്നു കണക്കാക്കിയിരിക്കുന്നു ഇന്ത്യൻ ഉപഭൂഖന്ധത്തിൽ 10 ജന്തു കുടുംബങ്ങളിലായി 67 ജനുസ്സുകളിൽ 509 ഇനം മണ്ണിരകളെ കണ്ടെത്തിയിട്ടുണ്ട് ചിലയിനം മണ്ണിരകൾ പരമാവധി 15 വര്ഷം വരെ ആയുസ്സുണ്ടെന്നും മറ്റുചിലയിനം മണ്ണിരകൾ ഒരു വര്ഷം ഏതാണ്ട് 5000 കിലൊമീറ്റെർ മണ്ണ് തുരന്നു തിന്നുമെന്നും കണ്ടെത്തിയിട്ടുണ്ട്.അനുകൂല കാലാവസ്ഥയിൽ ഒരു ദിവസം മണ്ണിര തന്റെ ശരീരഭാരത്തിനൊപ്പം ആഹരിക്കുകയും വിസർജിക്കുകയും ചെയ്യും. 3000 കിലോഗ്രാം മണ്ണിര ഒരു ദിവസം 3000 കിലോഗ്രാം മണ്ണ് തിന്നു വിസർജിക്കുമ്പോൾ ഒരുവര്ഷം കൊണ്ട് ഏകദേശം 1000 ടണ് മണ്ണ് തിന്നു വിസർജിക്കുന്നു. അതായത് 1 ഹെക്ടർ സ്ഥലം 10 സെന്റിമീറ്റെർ ആഴത്തിൽ ഒരുവര്ഷം കൊണ്ട് ഉഴുതുമറിക്കുന്നു.

മണ്ണിര കംബോസ്റ്റിന്റെ ഗുണങ്ങൾ
1. മണ്ണിര കമ്പോസ്റ്റ് മറ്റു ഏതു ജൈവവളത്തെക്കാൾ ഗുണമേന്മയേറിയതും ചെടികൾക്ക് നേരിട്ട് സ്വീകരിക്കാൻ പറ്റുന്ന രീതിയിൽ മൂലകങ്ങളെ വിഘടിപ്പിച്ചതുമാണ്.പ്രധാന പോഷകങ്ങളായ നൈട്രജൻ,ഫോസ്ഫറസ്,പൊട്ടാസിയം ഇവ ചെടികൾക്ക് സ്വീകരിക്കാൻ തക്ക ഒക്സൈഡ് രൂപത്തിലാണ്. മാത്രമല്ല മറ്റു കംബോസ്റ്റുകളെക്കാൾ മൂലകങ്ങൾ അധിക അളെവിലുള്ളതിനാൽ കുറച്ചുമാത്രം ഉപയോഗിച്ചൽ മതി.
2. ചെടികൾക്ക് ആവശ്യത്തിനുള്ള എല്ലാ മൂലകങ്ങളും ലഭ്യമാകുന്നതിനാൽ രോഗപ്രധിരോധശേഷി വര്ദ്ധിപ്പിക്കുന്നു.
3.ചെടികളുടെ ത്വരിതഗതിയിലുള്ള വളര്ച്ചയ്ക്ക് സഹായിക്കുന്നു
4.മണ്ണിനു വെള്ളത്തെ പിടിച്ചു നിറുത്തുവാനുള്ള ശേഷി വര്ദ്ധിപ്പിക്കുന്നു
5. ൾ ഉത്പാദന സമയത്ത് യാതൊരുവിധ ധുര്ഗന്ധവും ഉണ്ടാവുന്നില്ല. ഹൈഡ്രജൻ സൾഫൈഡ്ന്റെ ഉത്പാദനം കുറയുന്നതുകൊണ്ടാണിത്
6. കമ്പൊസ്റ്റുല്പധനസമയതു അധികമായി ലഭിക്കുന്ന വേര്മിവാഷ് ഗ്രോത് ഹോർമോണായും,കീടനാശിനിയും ഉപയോഗിക്കാം.
മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കുന്നതിനുമുമ്പ് മണ്ണിരയുടെ സ്വഭാവങ്ങളും,ജീവിതവും അറിഞ്ഞിരിക്കണം എങ്കിൽ മാത്രമേ, കമ്പോസ്റ്റ് നിര്മാണം വിജയിക്കുകയും ഉപയോഗയോഗ്യവും ഗുണമേന്മയുള്ളതും, ലാഭകരവുമാവുകയുള്ളൂ.

സ്വഭാവമനുസരിച്ച് മണ്ണിരയെ മൂന്നായി തരാം തിരിക്കാം

1.വളരെ ആഴത്തിൽ കുഴിച്ചു മിനറൽ മണ്ണ് തിന്നുകയും മണ്ണിന്റെ ഉപരിതലത്തിൽ വിസര്ജിക്കുകയും ചെയ്യുന്ന മണ്ണിര.
2. ഉപരിതലത്തിലുള്ള മണ്ണും ജൈവവസ്തുക്കളും ചേര്ന്ന ഭാഗം ആഹരിക്കുകയും മണ്ണിനെ ഉഴുതുമറിക്കുകയും ചെയ്യുന്ന മണ്ണിര. (ഈ തരം മണ്ണിരയെയാണ് സാധാരണയായി നാം കാണുന്നത്.ഇവകൾ കമ്പോസ്റ്റ് ഉണ്ടാക്കുകയില്ല.)
3. മണ്ണിനു സമാന്തരമായി മാത്രം സഞ്ചരിക്കുകയും, അഴുകിയ ജൈവ വസ്തുക്കൾ മാത്രം ആഹരിച്ച് വിസർജിക്കുകയും ചെയ്യുന്നവ.(ഇവയെ കാണണമെങ്കിൽ മഴക്കാലത്ത്‌ ഉണങ്ങിയ ഇലകൾ കൂടികിടക്കുന്ന സ്ഥലങ്ങളില ഇലകൾക്കിടയിൽ കാണാനാകും. ചെറിയ BOP ചായതരികൾ പോലെ ഇലകൾക്കിടയിൽ വിസര്ജ്യം കാണാം.).മണ്ണിര മണ്ണിര കമ്പോസ്റ്റു നിർമാണത്തിനായി മൂന്നാമത് പറഞ്ഞ ഇനം മണ്ണിരയെ ആണ് ഉപയോഗിക്കേണ്ടത്.എന്നാൽ നമ്മുടെ നാട്ടിൽ കാണുന്ന ഈ ഇനം മണ്ണിര ഉല്പാദനക്ഷമത കുറവായതിനാൽ പൊതുവെ താഴെ പറയുന്ന വിദേശ ഇനം മണ്ണിരകളെയാണ് ഉപയോഗിക്കുന്നത്.സാധാരണയായി ഉപയോഗത്തിലുള്ള ഇനങ്ങളാണ്
1. യൂഡ്രില്ലസ് യൂജീനിയ (ആഫ്രിക്കൻ നൈറ്റ്‌ ക്രൌളെർ)2. ഐസീനിയ ഫീറ്റിഡ.
മണ്ണിര കമ്പോസ്റ്റ് നിർമാണത്തിന് പല രീതികളും ഇന്ന് നിലവിലുണ്ടെങ്കിലും ഓരോ പ്രദേശത്തിനുംയോജിച്ച വിധത്തിലുള്ള രീതികൾ വേണം അവലംബിക്കുവാൻ.
1. അനുകൂല കാലാവസ്ഥയിൽ മണ്ണിരകൾ ഒരു ദിവസം അതിന്റെ ശരീര ഭാരത്തിന്റെ അത്രയും ജൈവ വസ്തുക്കള ആഹരിച്ച് വിസർജിക്കും അതിനാൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഉല്പന്നം ലഭിക്കുന്ന രീതികൾ സ്വീകരിക്കണം.
2. അന്തരീക്ഷോഷ്മാവു 23 ഡിഗ്രി സെല്ഷിയസിൽ കൂടുതലായാൽ ഉത്പാദനം 20% മുതൽ 50% വരെ കുറയാം അതിനാൽ ഊഷ്മാവ് കൂടാതെ നിയന്ത്രിക്കണം.
3. മണ്ണിരകൾ സൂര്യപ്രകാശത്തോട് പ്രതികരിക്കുന്നതിനാൽ ഇരുട്ടുള്ള സാഹചര്യം ഒരുക്കണം പുതയിടുന്നതിലൂടെ ഇത് സാധിക്കാം.
4. വായു സഞ്ചാരം കുറഞ്ഞാൽ മണ്ണിരകൾ നശിച്ചു പോകും അതിനാൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. 
5.ഉപരിതലത്തിൽ സമാന്തരമായി മാത്രം സഞ്ചരിച്ചു ആഹരിക്കുന്നതിനാൽ കമ്പോസ്റ്റ് ആക്കുന്നതിനുള്ള ജൈവ വസ്തുക്കൾ 10 സെന്റിമീറ്ററിൽ കൂടുതൽ കനത്തിൽ ഇട്ടുകൊടുക്കരുത്.പരമാവധി 15 സെന്റിമീറ്ററിൽ കൂടുതലായാൽ അതിനു താഴെയുള്ള ജൈവവസ്തുക്കൾ തെർമൊഫിലിക് കമ്പോസ്റ്റയിമാറുകയും, മണ്ണിര കമ്പോസ്റ്റിന്റെ ഗുണമേന്മ ലഭിക്കാതിരിക്കുകയും ചെയ്യും.ശരിയായ മണ്ണിര കമ്പോസ്റ്റു 100% തരി രൂപത്തിലായിരിക്കും (പെല്ലെറ്റ്)
6. ഈര്പ്പം കൂടുകയോ,കുറയുകയോ ചെയ്താൽ മണ്ണിരകൾ നശിച്ചു പോവുകയോ,കൂട്ടത്തോടെ രക്ഷപെട്ടുപോവുകയോ ചെയ്യും, മണ്ണിര യുടെ വംശവര്ധനവിനെയും പ്രതികൂലമായി ബാധിക്കും.ഈര്പ്പം 50% മുതൽ 60% വരെ എപ്പോഴും നിലനിർത്തണം 
7. ഉറുമ്പ്, എലി,പക്ഷികൾ ഇവ മണ്ണിരയുടെ ശത്രുക്കളാണ്. അതിനാൽ ഇവയിൽ നിന്നുമുള്ള സംരക്ഷണം ഉറപ്പു വരുത്തണം. 
8.ജൈവ വസ്തുക്കൾ അഴുകുമ്പോൾ ചൂടുണ്ടാവുകയും,മണ്ണിരകൾ നശിച്ചുപോവുകയും ചെയ്യുമെന്നതിനാൽ അഴുകിയ വസ്തുക്കൾ മാത്രം നല്കുക. അഴുകിയ വസ്തുക്കൾ മാത്രമേ മണ്ണിര ഭക്ഷിക്കുകയുള്ള് .(മണ്ണിര കമ്പോസ്റ്റു സാധാരണ കമ്പോസ്റ്റിന്റെ മൂല്യ വര്ധനവ്‌ മാത്രമാണ് നടത്തുന്നത്).
9. സ്വന്തം വിസർജ്യം ഏതൊരു ജീവിക്കും അരോചകമായതിനാൽ ഉല്പാദനതിനനുസരിച്ച് കമ്പോസ്റ്റു നീക്കം ചെയ്തുകൊണ്ടിരിക്കണം.ഇല്ലങ്കിൽ മണ്ണിരകൾ സ്ഥലം വിടാൻ സാധ്യതയുണ്ട്. അതിനാൽ തരിരൂപതിലുള്ള കംബോസ്ടുകൾ ആഴ്ചയിൽ ഒന്നെങ്കിലും നീക്കം ചെയ്യണം

1.മണ്ണിര കമ്പോസ്റ്റ് നിർമാണത്തിനായി ഇന്ന് പലരീതികളും ഡിസൈനുകളും പലരും അവലംബിക്കാറുണ്ട്.

2. ട്രഞ്ച് രീതി.മഴ കുറഞ്ഞ പ്രദേശങ്ങളിൽ പൊതുവെ കർണാടകം തമിഴ്നാട് എന്നിവിടങ്ങളിൽ കാണുന്ന മണ്ണിര കമ്പോസ്റ്റു നിര്മ്മാണ രീതിയാണിത്.കൃഷിയിടത്തിൽ ചെടികൾ തമ്മിലുള്ള വരികൾക്കിടയിൽ 2 അടി ആഴത്തിലും 2 അടി വീതിയിലും (നീളം എത്ര വേണമെങ്കിലും ആവാം). ചാലുകൾ എടുക്കുക.ഈ ചാലുകളിൽ ഉണങ്ങിയ ഇലകല്ലും മറ്റു ജൈവ അവശിഷ്ടങ്ങളും പെട്ടന്ന് അഴുകുന്ന പച്ചിലകളും പല അടുക്കുകളിലായി നിറക്കുക. പച്ചിലകൾ അഴുകുമ്പോൾ ചൂടും നീരാവിയും ഉണ്ടാവുകയും ഉണങ്ങിയ വസ്തുക്കൾ പെട്ടെന്ന് അഴുകുകയും ചെയ്യും (തെരമോഫിലിക് കമ്പോസ്റ്റ്) തെങ്ങിൻ തോട്ടങ്ങളിൽ കിട്ടുന്ന ഓല, മടൽ മറ്റു അവശിഷ്ടങ്ങൾ മുഴുവനും ഇതിൽ നിക്ഷേപിക്കാം .നന്നായി നനച്ചതിനു ശേഷം മുകൾഭാഗം ഓലകൊണ്ടോ, ഉണങ്ങിയ പുല്ലുകൊണ്ടോ നന്നായി പുതയിടുക അല്ലെങ്കിൽ 1 ഇഞ്ച് ഘനത്തിൽ മണ്ണ് വിതറിയാലും മതിയാകും.15 ദിവസങ്ങൾക്കുശേഷം ചാലുകളിൽ അവിടവിടെയായി 1 സ്ക്വയർ ഫീറ്റിന് 20 മണ്ണിര എന്ന കണക്കിൽ മണ്ണിരകളെ നിക്ഷേപിക്കുകുന്നു. ഇതിനുമുകളിൽ സൂര്യപ്രകാശം നേരിട്ടു പതിക്കാതെ പുതയിടുകയും ഈർപ്പം നിലനിറുത്തുകയും വേണം. ചാലുകളിലുള്ള അഴുകിയ ജൈവ വസ്തുക്കളെ മണ്ണിര ഭക്ഷിച്ചു കമ്പോസ്റ്റ് ആക്കി മറ്റും.
ട്രഞ്ച് രീതി കൊണ്ടുള്ള മേന്മകൾ
1. പ്രത്യേക ടാങ്ക്കളോ, ഷെഡ്‌കളോ ആവശ്യമില്ല. 
2. കൃഷിയിടത്തിൽ തന്നെ നിർമ്മിക്കുന്നത് കൊണ്ട് കമ്പോസ്റ്റ് വീണ്ടും ചെടികളുടെ ചുവട്ടിൽ കൊണ്ടുപോയി കൊടുക്കേണ്ടതില്ല. 
3.തെങ്ങിൻ തോട്ടങ്ങളിൽ യോജിച്ച രീതിയാണിത്.
4.തുടർവർഷങ്ങളിൽ മുൻ വര്ഷത്തെ ചാലുകൾക്ക് സമാന്തരമായി പുതിയചാലുകൾ എടുത്ത് പുതിയ കമ്പോസ്റ്റ് നിർമിക്കാം
5. തോട്ടത്തിലുള്ള ദ്രവിക്കാൻ താമസമുള്ള ചകിരി, മടൽ മുതലായ വസ്തുക്കളും കംമ്പോസ്റ്റിനായി ഉപയോഗിക്കാം
ന്യുനതകൾ. 
1.മഴ കൂടുതലുള്ള സ്ഥലങ്ങളിൽ ഈ രീതി യോജിച്ചതല്ല.വെള്ളം കെട്ടിനിന്നാൽ മണ്ണിരകൾ സ്ഥലം വിടും.
2.ഉറുംബ്, എലി, പക്ഷികൾ, കാട്ടുപന്നി, ഇവകൾ മണ്ണിരകളെ നശിപ്പിക്കും
3. മണ്ണിരകളുടെ ആഹാര രീതിയനുസരിച്ച് മുകളിൽ 4 മുതൽ 6 ഇഞ്ച് ആഴത്തിൽ മാത്രമേ കംമ്പോസ്റ്റിങ്ങ് നടക്കുകയുള്ളു. അതിനടിയിലുള്ള ജൈവ വസ്തുക്കൾ മൈക്രൊബിയൽ പ്രവർത്തനത്താൽ അനേറോബിക് കമ്പോസ്റ്റ് ആയി മാറുന്നു.
4.നാടൻ മണ്ണിരകൾ ഇതിൽ കയറിക്കൂടിയാൽ മറ്റ് മണ്ണിരകൾ നശിക്കാൻ ഇടയാകും
5.കംബൊസ്റ്റിങ്ങ് തീരുന്നതിനുള്ള സമയം കൃത്യമായി കണക്കാക്കാനാവില്ല.6. അന്തരീക്ഷോഷ്മാവിലുള്ള വ്യതിയാനം ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും
(കൃഷിയിടങ്ങളിൽ തന്നെ ചപ്പുചവറുകൾ കൂട്ടിയിട്ട്‌ നനച്ച് അതിലേക്കു മണ്ണിരകളെ വിടുന്ന രീതിയും കണ്ടിട്ടുണ്ട്. ട്രഞ്ച് ആവശ്യമില്ല എന്നതൊഴിച്ചാൽ മേൽ വിവരിച്ച എല്ലാ പോരായ്മകളും ഈ രീതിയിലും കാണാം.)
3. പ്രത്യേകം തയ്യാർ ചെയ്ത ഷെഡ്‌കളിൽ ട്രഞ്ച് നിര്മ്മിച്ചു മണ്ണിര കമ്പോസ്റ്റ് നിര്മിക്കുന്ന രീതി.
2 അടി ആഴത്തിലും 2 അടി വീതിയിലും 20 അടി നീളത്തിലും ട്രഞ്ച് നിർമിക്കുക. അടർന്നുപോകാതെ ചാലിന്റെ വശങ്ങൾ നന്നായി അടിച്ച് ഉറപ്പിക്കുക. ചാലുകൾക്കുമുകളിൽ, മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം നൽകുന്നതിനു വേണ്ടി ഓലകൊണ്ടോ, പുല്ലുകൊണ്ടോ മേഞ്ഞ ഷെഡ്‌ നിര്മ്മിക്കുക.തയ്യാറാക്കിയിരിക്കുന്ന ചാലുകളിൽ ചാണകവും ചപ്പുചവറുകളും 1;4 എന്ന അനുപാതത്തിൽ നിറക്കുക.ഇതിലേക്ക് ഏകദേശം 2500 മണ്ണിരകളെ നിക്ഷേപിക്കുക. ചാലുകൾ ഓലയോ പുല്ലോ ഉപയോഗിച്ചു മൂടുക. ഈർപ്പം നിലനിർത്തുന്നതിനും,ഇരുണ്ട അന്തരീക്ഷം ഉണ്ടാക്കുന്നതിനും വേണ്ടിയാണിത് 50%-60% ഈർപ്പം നിലനിർത്തണം. അന്തരീക്ഷോഷ്മാവും ഈര്പ്പവും അനുയോജ്യമെങ്കിൽ 60 മുതൽ 90 ദിവസം കൊണ്ട് കബോസ്റ്റ് തയ്യാറാവും.കമ്പോസ്റ്റ് തയ്യാറായാൽ ചാലുകളില്നിന്നും മണ്ണിര കമ്പോസ്റ്റ് കോരി മാറ്റി മണൽ അരിക്കുന്ന അരിപ്പയിൽ അരിച്ചെടുത്ത് മണ്ണിരയെ മാറ്റുകയോ, തുറന്ന സ്ഥലത്ത് കൂന കൂട്ടിയിട്ട്‌ മണ്ണിരകൾ അടിയിലേക്ക് വലിയുന്നതനുസ്സരിച്ച് മുകളിൽ നിന്ന് കുറേശ്ശെയായി കമ്പോസ്റ്റ് വാരിമാറ്റി മണ്ണിരയെ വേർതിരിക്കാം. അടുത്ത ബാച്ച് നിർമ്മാണത്തിനായി ഈ മണ്ണിരകളെ ചാലുകളിലേക്ക് മാറ്റുകയും ചെയ്യാം
ഈ രീതിയിൽ കമ്പോസ്റ്റ് നിർമിക്കുന്നതുകൊണ്ടുള്ള മേന്മകൾ
1. സിമെന്റ് ടാങ്കിനെ അപേക്ഷിച്ച് നിർമ്മാണ ചെലവ് കുറവാണ്.
2. വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്നു.
ന്യുനതകൾ .
1. മണ്ണിന്റെ ഘടനയനുസരിച്ച് നനവ്‌ തട്ടുമ്പോൾ ട്രഞ്ചിന്റെ വശങ്ങൾ മന്നിടിയാൻ സാധ്യതയുണ്ട്. ക്രമേണ ട്രഞ്ച് ഉപയോഗശൂന്യമാകും 
2.ഉറുമ്പ് എലി എന്നിവയുടെ ശല്ല്യം നിയന്ത്രിക്കാനാവില്ല.
3.നാടൻ മണ്ണിരകളുടെ കടന്നുകയറ്റം നിയന്ത്രിക്കാൻ പറ്റുകയില്ല.
4. മുഴുവൻ കമ്പോസ്റ്റും മണ്ണിര കമ്പോസ്റ്റ് ആകുന്നില്ല. നല്ലൊരു ഭാഗം തെർമൊഫിലിക് കമ്പോസ്റ്റ് ആയി മാറുന്നു

2 comments:

  1. ഉപകാര പ്രദമായ പോസ്റ്റ്‌ :)

    ReplyDelete
  2. Useful post.but do want to know from where can i get africcan worms.

    ReplyDelete

 
Top